കൽപ്പറ്റ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടയ്ക്കാ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കാർഷിക വിദഗ്ധരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന ജില്ലാതല ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കാൻ തീരുമാനം. മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഞ്ഞളിപ്പ്, കുമിൾ രോഗം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ കാരണം പല ജില്ലകളിലും അടയ്ക്ക കൃഷിയുടെ ഉത്പാദനക്ഷമത നാലിലൊന്നായി കുറഞ്ഞ സാഹചര്യം ഗൗരവമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലും ചില തെക്കൻ ജില്ലകളിലും അടയ്ക്ക കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. വിളവ് കുറയുന്നതിന്റെയും രോഗബാധകളുടെയും കാരണം പ്രത്യേകമായി കണ്ടെത്തി പരിഹാരം കാണാനാണ് ഓരോ ജില്ലകളിലും ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നത്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ കാർഷിക സർവകലാശാല, ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരും കാർഷിക വിദഗ്ധരും ടാസ്ക് ഫോഴ്സിലുണ്ടാകും.
മൂന്നാഴ്ചയ്ക്കകം ജില്ലകളിൽ വിശദമായ പഠനം നടത്തി കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കണ്ടെത്താനാണ് നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റം, വളപ്രയോഗത്തിലും കീടനാശിനി ഉപയോഗത്തിലും സംഭവിക്കുന്ന പ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷിയുള്ള വിത്തിനങ്ങളുടെ ഉപയോഗം, നിലവിൽ രോഗം ബാധിച്ച കമുകുകൾക്ക് സാധ്യമാവുന്ന പ്രതിരോധ മാർഗങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ജില്ലാതല ടാസ്ക് ഫോഴ്സുകൾ പരിശോധിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പാക്കേജുകളും പദ്ധതികളും സംയോജിപ്പിച്ച് അടയ്ക്ക കൃഷിയ്ക്ക് സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ചും തദ്ദേശ സ്വയംഭരണ വകുപ്പുമായി ഉൾപ്പെടെ സഹകരിച്ച് സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ചും റിപ്പോർട്ട് തയാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. പല ജില്ലകളിലും അടയ്ക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടില്ലാത്തത് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.
രോഗപ്രതിരോധ നടപടികൾ ഒരു മേഖലയിൽ ഒന്നാകെയായി മാത്രമേ സാധ്യമാകൂ എന്നുള്ളതിനാൽ ഓരോ പ്രദേശത്തെയും കർഷകരെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ജില്ലാതല ടാസ്ക് ഫോഴ്സ് റിപ്പോർട്ട് തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, വിവിധ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ, കാർഷിക സർവകലാശാലയിൽ നിന്നും ഇന്ത്യൻ കൗണ്‍സിൽ ഓഫ് അഗ്രികൾച്ചർച്ചറൽ റിസർച്ചിൽ നിന്നുള്ള വിദഗ്ധർ, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓണ്‍ലൈൻ യോഗത്തിൽ പങ്കെടുത്തു.